Kerala
തിരുവനന്തപുരം: വന്യജീവി ആക്രമണം തടയുന്നതിനായി കോതമംഗലത്തെ പ്രത്യേക സോണായി കണക്കാക്കി നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു.
കോതമംഗലത്ത് സ്പെഷൽ ടീമിനെ നിയോഗിക്കും. ചീഫ് വൈൽഡ് ലൈഫ് വാർഡൻ കോതമംഗലത്തെത്തി ചർച്ച നടത്തും. 3.75 കോടി രൂപ ചെലവിൽ 30 കിലോമീറ്ററിൽ സോളാർ ഫെൻസിംഗ് സ്ഥാപിക്കുമെന്നും ആന്റണി ജോണിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
Kerala
കണ്ണൂര്‍: ഏതു കാര്യത്തിലായാലും കുറ്റവാളികളികൾ എത്ര വലിയവരായാലും അവരെ സംരക്ഷിക്കുന്ന ഒരു നിലപാടും എൽഡിഎഫ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ചൊവ്വ ധർമസമാജം യുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കുറ്റവാളികൾക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന നിലപാടാണ് സർക്കാരിന്റേത്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് പരിശോധനയും അന്വേഷണവും നടക്കുന്നത്.
ഹൈക്കോടതിയില്‍ വിശ്വാസമുള്ളവരാണ് രാജ്യത്തെ ജനങ്ങള്‍. കോടതി കുറ്റവാളികളെ കണ്ടുപിടിച്ച് ശിക്ഷിക്കട്ടെ. എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം ഇത്തരം കേസുകളില്‍പെടുന്നവര്‍ കുറ്റവാളികളാണെങ്കില്‍ അവര്‍ എത്ര ഉന്നതരായാലും സംരക്ഷിക്കില്ലെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
District News
കുരുവട്ടൂര്‍: ഗ്രാമീണ മേഖലയുടെ മുഖച്ഛായ മാറ്റുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാറിന് സാധിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രന്. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പറമ്പില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ കെട്ടിട നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് അംഗം ഇ. ശശീന്ദ്രന് അധ്യക്ഷനായി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സരിത മുഖ്യാതിഥിയായി. വിദ്യാകിരണം മിഷന് ജില്ലാ കോഓഡിനേറ്റര്‍ വി. പ്രവീണ്‍കുമാര്‍ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം. ജയപ്രകാശന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സിന്ധു പ്രദോഷ്, യു.പി. സോമനാഥന്, എം.കെ. ലിനി, പിടിഎ പ്രസിഡന്റ് എ. സാബു എന്നിവര്‍ പ്രസംഗിച്ചു.
ജനപ്രതിനിധികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. നവകേരളം കര്‍മ പദ്ധതി, വിദ്യാകിരണം മിഷന് പദ്ധതികള്‍ക്ക് കീഴില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 3.90 കോടി രൂപ ചെലവിട്ടാണ് പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിക്കുന്നത്.
District News
പട്ടിക്കാട്: കാട്ടാനയുടെ ആക്രമണം നേരിടുന്ന ഇരുന്പുപാലത്ത് ആവശ്യമെങ്കിൽ കുങ്കിയാനകളെ കൊണ്ടുവന്ന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നു വനംമന്ത്രി എ.കെ. ശശീന്ദ്രൻ. ഇന്നലെ രാവിലെ സ്ഥലം സന്ദർശിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രദേശവാസികളും ജനപ്രതിനിധികളുമായി മന്ത്രി ചർച്ച നടത്തി. ആക്രമണകാരിയായ ഒറ്റയാനെ പിടികൂടി ഉൾക്കാട്ടിൽ വിടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. പ്രദേശത്തു തെരുവുവിളക്കുകൾ കത്തുന്നില്ലെന്ന പരാതിയും ഉന്നയിച്ചു.
പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(ഐഐടി)യുമായി സഹകരിച്ച് പ്രദേശത്തു പ്രതിരോധവേലി ശക്തിപ്പെടുത്തുമെന്നും അതിനുള്ള നടപടി ആരംഭിച്ചതായും മന്ത്രി പറഞ്ഞു. കൂടാതെ ആർആർടിയുടെ സേവനം മെച്ചപ്പെടുത്തി കൂടുതൽ വാച്ചർമാരെ ഉൾപ്പെടുത്തി നിരീക്ഷണം ശക്തമാക്കും. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻവേണ്ട എല്ലാ നടപടിയും സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. കഴിഞ്ഞദിവസം ഇരുന്പുപാലം സ്വദേശിയായ വാച്ചർ ബിജുവിന് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. അടുത്തദിവസം വനംവകുപ്പിന്റെ ജീപ്പും കാട്ടാന തകർത്തു.